മൂന്ന് പതിറ്റാണ്ടായി കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യം. 2009 മുതല്‍ 2015 വരെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം. 2015 മുതല്‍ 2018 വരെ സി.പി.ഐ.(എം.) എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി. എസ്.എഫ്.ഐ.യുടെ മുന്‍ സംസ്ഥാന സെക്രട്ടറി, നിലവില്‍ ദേശാഭിമാനി പത്രത്തിന്റെ മുഖ്യ പത്രാധിപരും, സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും.
കളമശ്ശേരി ഗവണ്മെന്റ് പോളി ടെക്നിക്കില്‍ നിന്നും കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും, കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും. എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. കളമശ്ശേരിയില്‍ താമസിക്കുന്നു.
പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ നിരവധി തീക്ഷ്ണ സമരങ്ങള്‍ക്ക് കരുത്തുറ്റ നേതൃത്വം നല്കിയ രാജീവ് ‘ദി റിസര്‍ച്ചര്‍’ ഗവേഷണ ജേര്‍ണലിന്റെ ചീഫ് എഡിറ്ററായിരുന്നു. അഞ്ച് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യസഭാംഗം എന്ന നിലയില്‍ എം.പി. ഫണ്ടിന്റെ മുഖ്യഭാഗവും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയ്ക്കായി ചിലവഴിച്ചു. വിവിധ പദ്ധതികളുടെ വിജയകരമായ പൂര്‍ത്തീകരണത്തിനായി മറ്റു സംസ്ഥാനങ്ങളിലെ രാജ്യസഭ എം.പി. മാരുടെ ഫണ്ടും, വിവിധ പൊതു-സ്വകാര്യ മേഖലാ കമ്പനികളുടെ സി.എസ്.ആര്. ഫണ്ടും, വ്യക്തിഗത സംഭാവനകളും ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കി. ഇത് രാജ്യത്തിന് മാതൃകയാകുകയും നിരവധി പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.
സുപ്രീം കോടതി പില്ക്കാലത്ത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച ഐ.ടി.നിയമത്തിലെ 66(എ) വകുപ്പ് റദ്ദാക്കുന്നതിനായി രാജ്യസഭയില്‍ അവതരിപ്പിച്ച പ്രമേയം ദേശീയ ശ്രദ്ധ നേടി.
2013-ല്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ളി, സാമ്പത്തിക-സാമൂഹ്യ കൗണ്‍സില്‍ എന്നിവയില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ഇതോടൊപ്പം ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്കൊപ്പം ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘങ്ങളിലും അംഗമായിരുന്നു. രാജ്യസഭയെ നിയന്ത്രിക്കുന്ന ചെയര്മാന് പാനല്‍ അംഗവും രാജ്യസഭാ അഷ്വറന്‍സ് കമ്മിറ്റി ചെയര്‍മാനും ആയിരുന്നു. എറണാകുളത്തിന്റെ സമഗ്ര വികസനത്തിനുള്ള കൊച്ചി മെട്രോ, കൊച്ചി ക്യാന്‍സര്‍ സെന്റര്‍, തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് വികസനം തുടങ്ങിയ വിവിധ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ക്രിയാത്മക നേതൃത്വം വഹിച്ചു.

ആലുവ ജില്ലാ ആശുപത്രിയില്‍ പൊതു മേഖലയിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഡയാലിസിസ് സെന്റര്‍ ആരംഭിച്ചു. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് ആധുനിക ട്രോമ കെയര്‍ ആംബുലന്‍സ് അനുവദിച്ചു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ എം.ആര്.ഐ.സ്കാന്‍ സെന്റര്‍ സ്ഥാപിച്ചു. ഇവിടെ സൗജന്യ നിരക്കിലുള്ള എം.ആര്.ഐ. സ്കാന്‍ സാധ്യമാകുന്നു.
10 കോടിയിലധികം രൂപ ചെലവില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭാ എം.പി.മാരുടെ സഹകരണത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ റേഡിയേഷന് ചികിത്സയ്ക്കുള്ള ലീനിയര്‍ ആക്സിലറേറ്റര്‍ സ്ഥാപിച്ചു. സാധാരണക്കാര്‍ക്ക് മികച്ച ക്യാന്‍സര്‍ ചികിത്സ ഇതിലൂടെ ലഭ്യമായി.

ഭിന്നശേഷി വിഭാഗക്കാര്‍ക്ക് യന്ത്രവല്‍ക്കൃത മുച്ചക്ര വാഹനങ്ങള്‍ നല്കി.

ശുചിത്വ സ്കൂള്‍ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥിനി സൗഹൃദ ടോയ്ലറ്റുകള് സ്ഥാപിച്ചു.

എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് റീച്ച് 2 സ്കൂള്‍ പദ്ധതി പ്രകാരം 23 ഇ-സേഫ്റ്റി ബസ്സുകള്‍ അനുവദിച്ചു.
കളമശ്ശേരിയില്‍ നഗരസഭയുടെ സഹകരണത്തോടെ ആധുനിക സൗകര്യങ്ങളുള്ള ചില്‍ഡ്രന്‍സ് സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തു.