തിരഞ്ഞെടുപ്പ് ചൂടില്‍ രാജീവിനൊപ്പം മക്കളും, ആവേശം പടര്‍ത്തി നഗരത്തില്‍ റോഡ് ഷോയും

കൊച്ചി: എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ ശനിയാഴ്ചത്തെ മണ്ഡല പര്യടനം കളമശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ കൊടുംചൂടില്‍ രാജീവിനൊപ്പം  പ്രചരണത്തിന് മക്കളായ ഹരിതയും ഹൃദ്യയും ഒപ്പംകൂടി. അച്ഛന്റെയൊപ്പം മക്കളും പ്രചാരണത്തിന് ഇറങ്ങിയതൊടെ ജനങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ആവേശം ഇരട്ടിയായി. വ്യവസായ മേഖലകളും തൊഴിലിടങ്ങളും കേന്ദ്രീകരിച്ചായിരുന്നു കളമശ്ശേരിയിലെ പ്രചാരണം.കടുങ്ങല്ലൂര്‍ ശ്രീ നരസിംഹ സ്വാമി ക്ഷേത്രോത്സവത്തില്‍ മേളം കൊട്ടിക്കയറുന്നതിനിടയിലേക്കായിരുന്നു രാജീവിന്റെ രംഗപ്രവേശം. ഗജവീരന്‍മാര്‍ അണിനിരന്നതിന് സമീപമായി ഉത്സവപറമ്പില്‍ സ്ഥാനാര്‍ഥിയോടൊപ്പം സെല്‍ഫിക്കായി വോട്ടര്‍മാരും തിരക്കുകൂട്ടി.

മണ്ഡലത്തില്‍ എത്ര ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ഭൂരിപക്ഷം കിട്ടുന്നതെത്രയായാലും അത്രയും മരങ്ങള്‍ നടാനാണ് പദ്ധതിയെന്നാണ് രാജീവ് പറഞ്ഞത്. പൊരിവെയിലിലും രാജീവിനെ  സ്വീകരിക്കാന്‍ കളമശ്ശേരിയിലെ വഴിയോരങ്ങളില്‍ നൂറുകണക്കിനാളുകളാണ് കാത്ത് നിന്നിരുന്നത്. ഉച്ചതിരിഞ്ഞ് കളമശ്ശേരി ഗ്ലാസ് കോളനിയിലെ അഭയ ഓള്‍ഡേജ് ഹോമിലും തുടര്‍ന്ന് മേത്തര്‍ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ കുടുംബ സംഗമത്തിലും രാജീവ് പങ്കെടുത്തു. രാഷ്ട്രീയം പരസ്യമായി പ്രഖ്യാപിക്കാത്തവരാണ് തങ്ങളെന്നും എന്നാല്‍ ഇടതുപക്ഷത്തോടൊപ്പം രാജീവിനെ വിജയിപ്പിക്കാന്‍ കൂടെയുണ്ടാകുമെന്നും യോഗത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസ്സൈന്‍, ഇടതുപക്ഷ സഹയാത്രികനായ ഫാ. മാത്യൂസ് കണ്ടോത്ത്, കേരള കോണ്‍ഗ്രസ് സ്‌കറിയ വിഭാഗം ജില്ലാ പ്രസിഡന്റ അഡ്വ. വര്‍ഗീസ് മൂലന്‍ എന്നിവരും സന്നിഹിതരായിരുന്നു. മഞ്ഞുമ്മലില്‍ കര്‍ഷകനായ താമരപ്പള്ളി ഇല്ലത്ത് വാസുദേവന്‍ ഇളയതിനെ രാജീവ് സന്ദര്‍ശിച്ചു. മഞ്ഞുമ്മല്‍, മുപ്പത്തടം എന്നീ മേഖലകളിലായി വര്‍ക്ക്‌ഷോപ്പ് ജംഗ്ഷന്‍, ശങ്കര്‍ ഫാര്‍മസി ക്ലിനിക്, ബിനാനിപുരം സൂദ് കെമി, എടയാര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ബോഡിഗിയര്‍ ഇന്റര്‍നാഷണല്‍ എന്നിവിടങ്ങളിലും രാജീവ് സന്ദര്‍ശനം നടത്തി.

എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവ് ലൈവതയെ കാണാന്‍ ഇടപ്പള്ളി ടോളിലെ വീട്ടിലെത്തിയപ്പോള്‍.


തിരഞ്ഞെടുപ്പ് തിരക്കിനിടയിലും വേദനകൊണ്ട് പുളയുന്ന കുഞ്ഞു ലൈവതയെ കാണാന്‍ രാജീവ് ഇടപ്പള്ളി ടോള്‍ പരിസരത്തുള്ള കുത്തിപ്പാറ ലൈവതയുടെ വാടക വീട്ടിലെത്തി. വിയര്‍പ്പ് ഗ്രന്ഥിയില്ലാത്തതിനാല്‍ ശരീരം മുഴുവന്‍ ചൂടായി വിണ്ടുകീറുകയും രക്തം പൊടിയുകയും ചെയ്യുന്ന അപൂര്‍വ രോഗമാണ് ഈ ആറുവയസ്സുകാരിയുടേത്. ലൈവതയുടെ കുടുംബത്തോടുള്ള തന്റെ സ്‌നേഹവും കരുതലും ഇനി എപ്പോഴും ഉണ്ടാകുമെന്ന് ലൈവതയെ സന്ദര്‍ശിച്ച ശേഷം രാജീവ് പറഞ്ഞു.ജയലക്ഷ്മി സില്‍ക്കസ്, കല്യാണ്‍ സില്‍ക്കസ് എന്നീ വസ്ത്രസ്ഥാപനങ്ങളില്‍ മക്കളായ ഹരിതക്കും ഹൃദ്യക്കുമൊപ്പമെത്തിയാണ് രാജീവ് വോട്ടഭ്യര്‍ഥിച്ചത്. വൈകീട്ട് 5 മണിക്ക് മഹാരാജാസ് പരിസരത്ത് രാജീവിന്റെ സുഹൃത്തുക്കളും സഹപാഠികളും ചേര്‍ന്ന് സംഘടിപ്പിച്ച ഗംഭീരമായ റോഡ് ഷോയില്‍ രാജീവ് പങ്കെടുത്തു. സംവിധായാകന്‍ ആഷിഖ് അബു, ചലച്ചിത്ര താരം ഇര്‍ഷാദ് അലി എന്നിവരും രാജീവിനൊപ്പം തുറന്ന ജീപ്പില്‍ റോഡ് ഷോയില്‍ അനുഗമിച്ചു.