നാടിന്റെ നയരൂപീകരണത്തിൽ ജനങ്ങൾ നിരന്തരം ഇടപെടണം: പി രാജീവ്

കൊച്ചി: വോട്ട് ചെയ്യുന്നതോടെ പൗരന്മാരുടെ ഉത്തരവാദിത്വങ്ങൾ അവസാനിക്കുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി പി രാജീവ്. ജനങ്ങൾ നാടിന്റെ വികസന വിഷയങ്ങളിലും നിലപാടുകളുടെ രൂപീകരണത്തിലും നിരന്തരം ഇടപെടേണ്ടതുണ്ട്. ഒറ്റക്ക് ഒരാൾക്കും ഒന്നും ചെയ്യാൻ കഴിയില്ല.ജനങ്ങൾ ഒരാശയം ഏറ്റെടുത്താൽ മാത്രമേ അത് യാഥാർഥ്യമാക്കാൻ കഴിയുകയുള്ളൂ എന്നും രാജീവ് അഭിപ്രായപ്പെട്ടു. കടവന്ത്ര പേൾ ബേ അസോസിയേഷൻ സംഘടിപ്പിച്ച സ്ഥാനാർഥി സംവാദത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം മോശപ്പെട്ട ഒരു കാര്യമാണെന്നാണ് പൊതുവിൽ കുറെയാളുകളുടെ ധാരണ. അതിനോട് യോജിക്കാൻ കഴിയില്ല.
നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പൊളിറ്റിക്സാണ് തീരുമാനിക്കുന്നത്. അത് കൊണ്ട് അത് മോശമാണെന്ന് കരുതി അതിൽ നിന്ന് മാറി നിൽക്കുന്നത് നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മറ്റുള്ളവരെ ഏൽപ്പിക്കുന്നത് പോലെയാകും. അത് കൊണ്ട് രാഷ്ട്രീയം മോശപ്പെടാതെ കാത്ത് സൂക്ഷിക്കാൻ വേണ്ടി എല്ലാവരും അതിൽ ഇടപെടണമെന്നാണ് തന്റെ അഭ്യർത്ഥന.
ജനങ്ങൾക്ക് ശുദ്ധ വായുവും ശുദ്ധ ജലവും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കുന്നതും അരികുവൽകരിക്കപ്പെടുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ കൂടി അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള നിലപാടുകൾ ഉൾക്കൊള്ളിച്ച് കൊണ്ടുമുള്ള ഒരു വികസനമാണ് താൻ ലക്ഷ്യമിടുന്നത് എന്നും രാജീവ് അറിയിച്ചു. എൻഡിഎ സ്ഥാനാർഥി അൽഫോൺസ് കണ്ണന്താനത്തെ പ്രതിനിധീകരിച്ച് കൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവും സംവാദത്തിൽ പങ്കെടുത്തു.