പലവഴി പിരിഞ്ഞവർ വീണ്ടും ഒത്തുചേർന്നു, സഹപാഠികൾക്കൊപ്പം പി. രാജീവിന്റെ റോഡ്ഷോ

കൊച്ചി: ഇടതുമുന്നണി സ്ഥാനാർഥി പി. രാജീവിന്റെ  വിജയത്തിനായി  അദ്ദേഹത്തിന്റെ സഹപാഠികളും വിവിധ കോളേജുകളിലെ സമകാലികരായ പൂർവ വിദ്യാർഥികളും ചേർന്ന് നടത്തിയ റോഡ്ഷോ നഗരവീഥികളെ ആവേശക്കടലാക്കി. രാജീവ് വരട്ടെ വസന്തം വിരിയട്ടെ, വോട്ട് ഫോർ രാജീവ് വോട്ട് ഫോർ ക്വാളിറ്റി തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി നൂറുകണക്കിന് കാറുകളിലും ബൈക്കുകളിലും കാൽനടയായും അവർ നഗരവീഥികൾ കീഴടക്കി. 
പഠനം കഴിഞ്ഞ് പല വഴികളിൽ പിരിഞ്ഞു പോയവരാണ് പ്രിയ നേതാവിന്റെ വിജയത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് റോഡ് ഷോയ്ക്ക് എത്തിയത്. മഹാരാജാസ് കോളേജിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിന്റെ നടുവിലായി പി. രാജീവ് തുറന്ന വാഹനത്തിൽ അഭിവാദ്യങ്ങളർപ്പിച്ച് സഞ്ചരിച്ചു. രാജീവിന്റെ രണ്ട് മക്കളും സംവിധായൻ ആഷിക് അബു, നടൻമാരായ ഇർഷാദ് അലി, വിജയകുമാർ എന്നിവരും തുറന്ന വാഹനത്തിൽ രാജീവിനൊപ്പമുണ്ടായിരുന്നു. സംവിധായകരായ ശ്യാം പുഷ്കരൻ, മധു സി നാരായണൻ, സിദ്ധാർഥ ഭരതൻ, സമീർ താഹിർ തുടങ്ങിയവർ റോഡ് ഷോക്ക് അഭിവാദ്യമർപ്പിച്ചു.  പി. രാജീവിന്റെ സുഹൃത്തുക്കളും പാർട്ടി അനുഭാവികളുമടക്കം വലിയൊരു ജനാവലി റോഡ് ഷോയിൽ അണിനിരന്നു. 

ഒരുപാട് കോട്ടകൾ തകർത്ത് തരിപ്പണമാക്കി സുൽത്താൻമാരെ വെളിച്ചം കേറാത്ത ഇരുട്ടകളിലേക്ക് ഓടിച്ച ചരിത്രമുള്ളവരാണ് ഇവിടെ ഒന്നിച്ചു ചേർന്നിരിക്കുന്നതെന്നും ഈ കോട്ടക്കൊത്തളത്തെയും നമുക്ക്  ഒരു പുരാവസ്തു വാക്കി മാറ്റാമെന്നും റോഡ് ഷോയെ അഭിസംബോധന ചെയ്ത് പി. രാജീവ് പറഞ്ഞു. വരുന്ന 23 ന് പുതിയ കാലത്തിന്റെ പതാക നമ്മൾ ഉയർത്തിക്കെട്ടുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഗോശ്രീ പാലത്തിന് സമീപം റോഡ് ഷോ സമാപിച്ചപ്പോൾ പി. രാജീവിനൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ പഴയ സഹപാഠികൾ മത്സരിച്ചു. രാജീവിന്റെ വിജയം കണ്ടേ മടങ്ങൂവെന്ന് രാജീവിന് വോട്ട് ചെയ്യാനായി വിദേശരാജ്യങ്ങളിൽ നിന്നെത്തിയ സഹപാഠികൾ പറഞ്ഞു.