ആവേശം കൊടുമുടികയറി, മണ്ഡലങ്ങളിലൂടെ പി രാജീവിന്റെ റോഡ് ഷോ

കൊച്ചി: രാജീവിന്റെ റോഡ് ഷോ കടന്നുപോകുന്ന വഴിയിലെല്ലാം അഭിവാദ്യങ്ങളര്‍പ്പിക്കാന്‍ കാത്ത് നിന്നിരുന്ന പതിനായിരങ്ങള്‍രാജീവിന് പുഷ്പ വൃഷ്ടി നടത്തി വിജയത്തിലേക്കുള്ള പരവതാനി വിരിക്കുകയായിരുന്നു എറണാകുളം ജനത. തിരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന്റെ സമാപനവും ഈസ്റ്റര്‍ ഞായറാഴ്ചയും ഒത്തുചേര്‍ന്ന ദിനത്തില്‍ എറണാകുളം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവിന്റെ മണ്ഡല പര്യടനം ഏഴ് നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോയി. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ പൂത്തോട്ടയില്‍ നിന്ന് ആരംഭിച്ചപ്പോള്‍ മുതല്‍ പര്യടനത്തിലുടനീളം ആയിരങ്ങള്‍ ഇരുചക്ര വാഹനങ്ങളില്‍ സ്ഥാനാര്‍ഥിക്ക് അകമ്പടിയായി അണിനിരന്നു. തൃപ്പൂണിത്തുറയിലൂടെ കടന്ന് പോകുന്നതിനിടയില്‍ ഏരൂരിലെ ടി.കെ രാമകൃഷ്ണന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പി. രാജീവ് പുഷ്പാര്‍ച്ചന നടത്തി. 


തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നാരംഭിച്ച പര്യടനം തൃക്കാക്കര, കളമശേരി, വൈപ്പിന്‍, പറവൂര്‍, കൊച്ചി, എറണാകുളം എന്നിവടങ്ങളിലൂടെ പൊതുപര്യടനത്തിന്റെ സമാപന കേന്ദ്രമായ പാലാരിവട്ടത്തെി. റോഡ് ഷോ പൂര്‍ത്തീകരിച്ച് പാലാരിവട്ടത്തെക്ക് രാജീവെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് നേതാവിനെ വരവേറ്റത്. എല്‍.ഡി.എഫ് എറണാകുളം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി.എം ദിനേശ് മണി, എം. സ്വരാജ് എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു, കെ.ജെ. മാക്‌സി എം.എല്‍.എ. എന്നിവര്‍ പര്യടനത്തില്‍ രാജീവിനെ അനുഗമിച്ചു.