ചെങ്കടലിരമ്പി, ആവേശത്തിരകളുയര്‍ത്തി പി രാജീവിന്റെ പ്രചാരണം കൊടിയിറങ്ങി

കൊച്ചി: ചെങ്കടല്‍ പോലെ എറണാകുളത്തെ ജനതതി ഇരമ്പിയെത്തിയ സായാഹ്നത്തില്‍ പാലാരിവട്ടം ജംഗ്ഷന്‍ അക്ഷരാര്‍ഥത്തില്‍ ആവേശത്തിന്റെ പൂരപ്പറമ്പായി. എറണാകുളം മണ്ഡലം ഇന്നോളം കണ്ടതില്‍ വച്ച് ഏറ്റവും അത്യാവേശകരമായാണ് എറണാകുളം ലോകസഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി. രാജീവിന്റെ പരസ്യ പ്രചാരണത്തിന് ഇന്നലെ കൊടിയിറങ്ങിയത്. 
വൈകീട്ട് നാലു മണിയോടെ  മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനസാഗരം ഇരമ്പിയെത്തി. 4.15ന് സ്ഥാനാര്‍സ്ഥി മണ്ഡലത്തിലെ റോഡ് ഷോ പൂര്‍ത്തിയാക്കി പാലാരിവട്ടം ജംഗ്ഷനിലേക്ക് തുറന്ന വാഹനത്തില്‍ കടന്നു വന്നതോടെ ആവേശം ഉച്ചസ്ഥായിയിലായി. തൊണ്ട പൊട്ടുമാറുച്ചത്തില്‍ പി രാജീവിന് വേണ്ടിയുയര്‍ന്ന മുദ്രാ വാക്യങ്ങള്‍ ദിഗന്തങ്ങള്‍ ഭേദിച്ചു. ചെങ്കൊടികള്‍, പി. രാജീവിന്റെ കട്ടൗട്ടുകള്‍, ചെണ്ടമേളം, ബാന്റ് വാദ്യം, ധോല്‍ തുടങ്ങിയ സംഗീതോപകരണങ്ങള്‍ അന്തരീക്ഷത്തെ ആവേശം കൊണ്ട് ത്രസിപ്പിച്ചപ്പോള്‍ ആ ബാലവൃദ്ധം ജനങ്ങള്‍ താളമേളങ്ങള്‍ക്കൊത്ത് ചുവടുവച്ചു. പാലാരിവട്ടം ജംഗ്ഷനില്‍ ഗതാഗതം തടസപ്പെടാത്ത വിധത്തില്‍ പല സംഘങ്ങളായി നിലയുറപ്പിച്ചാണ് പ്രവര്‍ത്തകര്‍ അടുക്കും ചിട്ടയോടും ആവേശത്തിന്റെ പൂരക്കാഴ്ചയൊരുക്കിയത്. 
പ്രവര്‍ത്തകരുടെ ആവേശം തന്റെ സിരകളിലേക്കാവാഹിച്ചു കൊണ്ട് പ്രിയ നേതാവ് നടത്തിയ പ്രസംഗം പ്രവര്‍ത്തകര്‍ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്. ആവേശം ഉച്ചകോടിയിലെത്തിയ മുഹൂര്‍ത്തത്തില്‍ കൃത്യം 5.55ന് വാദ്യഘോഷങ്ങള്‍ നിലച്ചെങ്കിലും പ്രവര്‍ത്തകര്‍ പി. രാജീവിന് നേരിട്ട് വിജയാശംസ നേരാന്‍ വേദിക്ക് ചുറ്റും തടിച്ചുകൂടി. ഓരോരുത്തടെയും സ്‌നേഹപൂര്‍ണമായ ഹസ്തദാനങ്ങള്‍ ഏറ്റുവാങ്ങിയ സ്ഥാനാര്‍ഥി അവരെയെല്ലാം തന്റെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയര്‍മാനും കണ്‍വീനറുമായ പി. രാജു, സി.എം ദിനേശ് മണി തുടങ്ങി വിവിധ ഘടകകക്ഷി നേതാക്കള്‍ സംബന്ധിച്ചു. എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി പ്രവര്‍ത്തകരും എത്തിയിരുന്നു.