പോരട്ടത്തിന് മുമ്പ് ഈസ്റ്റര്‍ ആഘോഷത്തിന് ഒത്തുചേര്‍ന്ന് സ്ഥാനാര്‍ഥികള്‍

കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററിലെ ഈസ്റ്റര്‍ ആഘോഷം എറണാകുളത്തെ സ്ഥാനാര്‍ഥികളുടെ സംഗമ വേദികൂടിയായി മാറി.ആദ്യം എത്തിയത് രാജീവ്, പിന്നീട് ഹൈബിയും കണ്ണന്താനവും എത്തി. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ സ്ഥാനര്‍ഥികളെ സ്വീകരിച്ചു. ചാവറ പരിസരം പലതും ഓര്‍മിപ്പിക്കുന്നുണ്ടെന്നും ആ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഏറ്റെടുത്ത് നടത്തുന്നതെന്നും രാജീവ് പറഞ്ഞു. നിന്ദിതര്‍ക്ക് മോചനവും അടിച്ചമര്‍ത്തപെട്ടവര്‍ക്ക് സ്വതന്ത്രവും എന്ന ലൂക്ക 4:18ലെ വചനങ്ങള്‍ ഉദ്ധരിച്ച്, നിന്ദിതര്‍ക്ക് മോചനവും അടിച്ചമര്‍ത്തപെട്ടവര്‍ക്ക് സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്ത യേശുവിന്റെ ദുഃഖവെള്ളിയാഴ്ച്ചക്ക് ശേഷമുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഊര്‍ജം ഈ ആഘോഷത്തില്‍ പങ്കെടുമ്പോള്‍ തന്നിലേക്കും സന്നിവേശിക്കുന്നുണ്ടെന്നും ആ പ്രത്യാശയുടെ ഊര്‍ജം എല്ലാവര്‍ക്കും ഒരുമിച്ച് പങ്ക് വെക്കാമെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു. എം.കെ സാനു മാസ്റ്റര്‍ ആശംസാ പ്രസംഗം നടത്തി. സ്ഥാനാര്‍ഥികളും, എം.കെ സാനു മാസ്റ്റര്‍, റോബി കണ്ണഞ്ചിറ എന്നിവരും ചേര്‍ന്ന് ഈസ്റ്റര്‍ എഗ് മുറിച്ചു.കെ.എല്‍ മോഹനവര്‍മ്മ, സ്വാമി സച്ചിദാനന്ദ ഭാരതി, ജസ്റ്റിസ് ഷംസുദ്ദീന്‍, മോനമ്മ കോക്കാട്ട്, ഹര്‍ജീത് സിംഗ് പാട്യ,  വയലിന്‍ വിശ്വനാഥന്‍ എന്നിവരും വേദിയിലുണ്ടായിരുന്നു. ഭക്ഷണവും കഴിച്ചാണ് രാജീവ് ചാവറയില്‍ നിന്ന് മടങ്ങിയത്.