പി രാജീവ‌് വീണ്ടും തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത‌്

കൊച്ചി: എൽ.ഡി.എഫ് എറണാകുളം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി പി രാജീവ‌് വീണ്ടും തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത‌്. കിടന്ന കിടപ്പിൽനിന്ന‌് പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ പോലുമാകാത്ത താമരപ്പറമ്പിൽ മറിയാമ്മയുടെ ആശീർവാദത്തോടെയാണ് കളമശേരി നിയോജക മണ്ഡലത്തിൽ റീപോളിങ‌് നടക്കാനിരിക്കുന്ന 83–-ാം ബൂത്തുള്ള കണിയാംകുന്ന‌് കടേപ്പള്ളിയിലാണ‌് ശനിയാഴ‌്ച പി രാജീവ‌് വോട്ടഭ്യർഥനയുമായി എത്തിയത‌്. ‘എല്ലാ ദിവസവും മോനുവേണ്ടി പ്രാർഥിക്കുന്നുണ്ട‌്. ചോർന്നൊലിച്ചുകിടന്ന കൂരയിൽനിന്ന‌് ഈ സ്വർഗത്തിലേക്ക‌് ഞങ്ങളെ എത്തിച്ച മോൻ ജയിക്കാതെ എവിടെപ്പോകാൻ. ഇനിയും ഒരുപാടുപേരെ സഹായിക്കാനുള്ളതല്ലേ. ദിവസവും പ്രാർഥിക്കുന്നുണ്ട‌് ’’–- രാജീവ‌് സിപിഐ എം ജില്ലാ സെക്രട്ടറിയായിരിക്കെ ആരംഭിച്ച കനിവ‌് ഭവനപദ്ധതിയിൽ നിർമിച്ചുനൽകിയ വീട്ടിലിരുന്ന‌്, രാജീവിന്റെ കൈ പിടിച്ച‌് മറിയാമ്മ പറഞ്ഞു. കനിവ‌് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സിപിഐ എം നിർമിച്ചുനൽകിയ 60–-ാമത്തെ വീടാണ‌് മറിയാമ്മയുടേത‌്.


തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ ഭാഗമായി വോട്ടർമാരെ വീടുകളിലെത്തി നേരിട്ടുകണ്ട‌് വോട്ടഭ്യർഥിച്ചു. കണിയാംകുന്ന‌് കടേപ്പള്ളിയിലാണ‌് റീപോളിങ‌് നടക്കുന്ന 83–-ാം ബൂത്ത‌്. ഇവിടെ 187 വീടുകളിലായി ആകെ 926 വോട്ടുകളാണുള്ളത‌്. അതിൽ 712 വോട്ടുകളാണ‌് 23ന‌് നടന്ന തെരഞ്ഞെടുപ്പിൽ പോൾ ചെയ‌്തത‌്. എന്നാൽ, 44 വോട്ടുകൾ അധികം രേഖപ്പെടുത്തിയതായി കണ്ടതിനെത്തുടർന്നാണ‌് റീപോളിങ്ങിന‌് ഉത്തരവിട്ടത‌്. മുമ്പ‌് വോട്ടഭ്യർഥനയുമായി എത്തിയ വീടുകളിൽ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടും വീണ്ടുമെത്തിയതിന്റെ കാരണം പറഞ്ഞാണ‌് ഇത്തവണ വോട്ടഭ്യർഥന. ‘ഒരിക്കൽക്കുടി, വരണം. സഹായിക്കണം’ എന്ന അഭ്യർഥനയ‌്ക്ക‌് ‘തീർച്ചയായും ’ എന്ന‌് വോട്ടർമാരുടെ മറുപടി. വിമുക്തഭടനായ ഒരാൾ സല്യൂട്ട‌് ചെയ‌്താണ‌് പി രാജീവിനെ വീട്ടിനകത്തേക്ക‌് ക്ഷണിച്ചത‌്. കടേപ്പള്ളി ലക്ഷംവീട‌് കോളനിയിലും സമീപപ്രദേശത്തെ വീടുകളിലുമാണ‌് വോട്ടഭ്യർഥനയുമായി രാജീവ‌് എത്തിയത‌്. അതിനിടെ, യുഡിഎഫ‌് സ്ഥാനാർഥി ഹൈബി ഈഡനെയും സംഘത്തെയും വഴിയിൽ കണ്ടുമുട്ടി. കുശലപ്രശ‌്നം പറഞ്ഞും പ്രചാരണത്തിന്റെ കാര്യങ്ങൾ പങ്കുവച്ചും രാജീവ‌് പര്യടനം തുടർന്നു. എത്തുന്ന വീടുകളിൽ ഓരോരുത്തർക്കുമുണ്ട‌് സ്വന്തം ആവലാതികൾ രാജീവിനോട‌ു പറയാൻ. വീട‌് പൊളിച്ചു പണിയണം, അടച്ചുറപ്പുള്ള വാതിൽ വേണം… തുടങ്ങി തങ്ങളുടെ ആവലാതികൾ പരിഹരിക്കാൻ രാജീവിനാകും എന്ന അവരുടെ വിശ്വാസം അസ്ഥാനത്തല്ലെന്ന‌് തെളിയിച്ചാണ‌് രാജീവിന്റെ ഇടപെടൽ. ഞായറാഴ‌്ചയും കടേപ്പള്ളിയിൽ രാജീവ‌് പര്യടനത്തിനെത്തും.